Valluvanad Kingdom | Kingdoms of Kerala

Valluvanad Kingdom | Kingdoms of Kerala
വള്ളുവനാട് രാജവംശം
കുലശേഖരസാമ്രാജ്യത്തോളം പഴക്കമുണ്ട് വള്ളുവനാടൻ രാജവംശത്തിന്റെ ചരിത്രത്തിന്. ജൂതശാസനം, പാർത്ഥിവപുരം ശാസനം, വീരരാഘവപട്ടയം എന്നിവയിലും വള്ളുവനാട്ടിലെ നാടുവാഴികളെക്കുറിച്ചു പറയുന്നുണ്ട്. വള്ളുവനാട്ടിലെ ആദ്യത്തെ രാജാവായിരുന്നു രാജശേഖരൻ. വെള്ളാട്ടിരി, വല്ലഭൻ, വള്ളുവക്കോനാതിരി, ആറങ്ങോട്ടുടയവർ, ചാത്തൻ കോത, രായിരൻ ചാത്തൻ എന്നെല്ലാം ഈ രാജവംശത്തിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്നു. വള്ളുവ (പറയർ)രുടെ നാടാണ് വള്ളുവനാടായതെന്നും അതല്ല, വലഭന്റെ നാട് എന്നർത്ഥം വരുന്ന വല്ലഭക്ഷോണിയാണ് വള്ളുവനാടായതെന്നതും അഭിപ്രായങ്ങളുണ്ട്.

ഒരു കാലത്ത് തെക്കേ മലബാറിന്റെ ഭൂരിഭാഗവും വള്ളുവനാടിന്റെ കീഴിലായിരുന്നു. എന്നാൽ ഇന്ന് വള്ളുവനാട് പാലക്കാട് ജില്ലയിലെ ഒരു താലൂക്ക് മാത്രമാണ്. അങ്ങാടിപ്പുറമായിരുന്നു വള്ളുവനാടിന്റെ ആദ്യത്തെ തലസ്ഥാനം. വള്ളുവക്കോനാതിരിയുടെ കുടുംബദേവത തിരുമാന്ധാംകുന്ന് ഭഗവതിയാണ്. മഹാകവികളായ പൂന്താനം നമ്പൂതിരിയുടേയും കുഞ്ചൻ നമ്പ്യാരുടേയും ജന്മനാടും വള്ളുവനാടു തന്നെയാണ്. സാമൂതിരി തിരുനാവായ കൈയടക്കിയത് പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ്. അതുവരെ വള്ളുവക്കോനാതിരിയുടെ നേതൃത്വത്തിലായിരുന്നു മാമാങ്കം. മാമാങ്കക്കാലത്ത് കേരളത്തിലെ നാടുവാഴികളെല്ലാം സാമൂതിരിയോടുള്ള കൂറു പ്രകടിപ്പിച്ച് കൊടികൾ അയച്ചിരുന്നു. എന്നാൽ വള്ളുവക്കോനാതിരി മാത്രം കൊടിയല്ല, ചാവേറുകളെയാണ് അയച്ചിരുന്നത്. പുതുമന, ചന്ദ്രോത്ത്, വേർകോട്, വായങ്കര എന്നീ തറവാടുകളിലെ പടയാളികളാണ് ചാവേറുകളായി പോയിരുന്നത്. കണ്ടർ മോന്ദോർ, മകൻ ഇത്താപ്പു, ചന്ദ്രോത്ത് പണിക്കർ, മരുമകൻ ചന്തു എന്നിവർ വള്ളുവനാടിന്റെ ചരിത്രത്തിലെ അവിസ്മരണീയരായ ചാവേർവീരന്മാരാണ്.

മൈസൂർ അക്രമണകാലത്ത് വളരെ ചെറിയൊരു പ്രദേശമേ വള്ളുവക്കോനാതിരിയുടെ കീഴിൽ ഉണ്ടായിരുന്നുള്ളു. മൈസൂർ പടയെ പേടിച്ച രാജാവാകട്ടെ തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. ബ്രിട്ടീഷുകാർ മലബാർ പ്രദേശങ്ങൾ ടിപ്പുവിൽ നിന്നു പിടിച്ചെടുത്തപ്പോൾ വള്ളുവനാട്ടു രാജാവ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ഒരു കരാറിൽ ഏർപ്പെട്ട് അധികാരത്തിൽ നിന്ന് ഒഴിഞ്ഞുനിന്നു.

No comments:

]]>
Powered by Blogger.