Eranad Kingdom | Kingdoms of Kerala

Eranad Kingdom | Kingdoms of Kerala
ഏറനാട് രാജവംശം
കുലശേഖരസാമ്രാജ്യത്തിലെ പ്രധാനപ്പെട്ട നാല്‌ സ്വരൂപങ്ങളില്‍ ഒന്നായിരുന്നു ഏറനാട്. കോലത്തിരി, വേണാട്‌, പെരുമ്പടപ്പ്‌ എന്നിവയാണ്‌ മറ്റു സ്വരൂപങ്ങള്‍. ഏറനാടിനെ നെടിയിരുപ്പ്‌ എന്നും വിളിക്കപ്പെട്ടിരുന്നു. ഭാസ്കര രവിവര്‍മ്മയുടെ ജൂതശാസനത്തിൽ ഒപ്പിട്ട നാടുവാഴികളില്‍ ഒരാള്‍ 'ഏർനാട്ടുടയ മാനവപാല മാനനീയ'നാണ്‌. പിൽക്കാലത്ത്‌ കോഴിക്കോട്‌ സാമൂതിരിമാർ എന്ന പേരില്‍ പ്രശസ്തരായ ഭരണാധികാരികള്‍ ഇദ്ദേഹത്തിന്റെ പിന്‍ഗാമികളാണ്‌.

പതിമൂന്നാം നൂറ്റാണ്ടിനു ശേഷമാണ്‌ കോഴിക്കോട്‌ ചരിത്രത്തില്‍ സ്ഥാനം നേടുന്നത്‌. പ്രമുഖ തുറമുഖമായി കോഴിക്കോട്‌ വളര്‍ന്നതും ഇക്കാലത്താണ്‌. അതുവരെ പോളനാടിന്റെ ഭാഗമായിരുന്ന ഇവിടം ഭരിച്ചിരുന്നത്‌ പോര്‍ളാതിരി എന്നു വിളിക്കപ്പെടുന്ന ഭരണാധികാരിയായിരുന്നു. വിദേശവാണിജ്യം കൊണ്ട്‌ കേരളീയ രാജാക്കന്മാര്‍ മിക്കവരും സമ്പന്നരായിത്തീര്‍ന്നു. എന്നാല്‍ ഏറനാടിന് കടൽത്തീരം ഉണ്ടായിരുന്നില്ല. സമുദ്രത്തിലേക്കുള്ള പ്രവേശനമാർഗത്തിനായി കൊതിച്ചു കൊണ്ടിരുന്ന ഏറാൾപ്പാട് പോർളാതിരിയുടെ അധീനതയിലുണ്ടായിരുന്ന കടൽത്തീരം ആക്രമിച്ച് കൈവശപ്പെടുത്തി.

പ്രാണഭയം കൊണ്ട് പോർളാതിരി നാടുവിട്ടോടി. പോളനാട് കീഴടക്കിയതിനു ശേഷം ഏറാള്‍പ്പാട്‌ തങ്ങളുടെ ആസ്ഥാനം കോഴിക്കോട്ടേയ്ക്ക്‌ മാറ്റി. വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കോവിലകവും നിർമ്മിച്ച് നെടിയിരുപ്പ് സ്വരൂപം അവിടേയ്ക്ക് മാറ്റി. അതിനുശേഷം കോഴിക്കോട്ടെ രാജാക്കന്മാർ, സാമൂതിരിമാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

No comments:

]]>
Powered by Blogger.