Vettathunadu Kingdom | Kingdoms of Kerala

Vettathunadu Kingdom | Kingdoms of Kerala
വെട്ടത്തുനാട് രാജവംശം
താനൂർ, തൃക്കണ്ടിയൂർ, ചാലിയം, തൃപ്രങ്ങോട്ട് തുടങ്ങിയ സ്ഥലങ്ങളുടെ ആധിപത്യം ഉണ്ടായിരുന്ന ഒരു പഴയ സ്വരൂപമാണ് വെട്ടത്തുനാട്. താനൂർ സ്വരൂപമെന്നും വിളിക്കാറുണ്ട്. നമ്പൂതിരിമാരുടെ പഴയ ഗ്രാമവ്യവസ്ഥയിൽ ഇത് ചൊവ്വര ഗ്രാമത്തിൽപെട്ടതായിരുന്നു. അതുകൊണ്ടാണ് കൊച്ചിയിലെ റാണി ഗംഗാധരലക്ഷ്മി വെട്ടത്തു നിന്ന് രാജകുമാരന്മാരെ ദത്തെടുത്തത്. ഈ രാജവംശം പോർച്ചുഗീസുകാരുടെ അനുകൂലികളായിരുന്നു.

പോർച്ചുഗീസ് ഗവർണർമാർ ചെറുകിട രാജാക്കന്മാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ക്രിസ്തുമതത്തിൽ ചേരാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പോർച്ചുഗീസിന്റെ വിനീതദാസനായിരുന്ന കൊച്ചി രാജാവുപോലും ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്തു. എന്നാൽ താനൂർ രാജാവ് പോർച്ചുഗീസുകാരുടെ പ്രലോഭനത്തിൽ വീണു. അദ്ദേഹത്തെ ആഘോഷപൂർവ്വം ഗോവയിൽ കൊണ്ടുപോയി മതം മാറ്റി ക്രിസ്ത്യാനിയാക്കി, അന്തോണിയോ ഗോമസ് എന്ന ജസ്യൂട്ട് പാതിരിയാണ് ഇതിനു നേതൃത്വം കൊടുത്തത്. സാമൂതിരിയുമായി ശത്രുതയിലായിരുന്ന ഇദ്ദേഹത്തിന് കേരളാധിപത്യം നേടിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.

ശുദ്ധനായ രാജാവ് ആ ഉറപ്പ് വിശ്വസിച്ചു. കുറേനാൾ കാത്തിരുന്നിട്ടും യാതൊരു മെച്ചവുമില്ലെന്ന് കണ്ടപ്പോൾ താനൂർ രാജാവ് വീണ്ടും ഹിന്ദുവായി. ഈ രാജാവാണ് തന്ത്രപ്രധാനമായ ചാലിയത്ത്, കോട്ടകെട്ടാനുള്ള അനുമതി പോർച്ചുഗീസുകാർക്ക് കൊടുത്തത്. കലയിലും മറ്റും താത്പര്യമുള്ളവരായിരുന്നു വെട്ടത്തു രാജാക്കന്മാർ. ഒരു വെട്ടത്തു രാജാവ് കഥകളിയിൽ പല പരിഷ്‌കാരങ്ങളും വരുത്തിയിട്ടുണ്ട്. വെട്ടത്തു സമ്പ്രദായമെന്ന പേരിൽ ഇത് പിന്നീട് അറിയപ്പെട്ടു. തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മനാടായ തിരൂർ ഈ രാജ്യത്തിന്റെ ഭാഗമായിരുന്നു. ഈ രാജവംശം പതിനെട്ടാം ശതകത്തിന്റെ അവസാനത്തോടെ ഇല്ലാതായി.

No comments:

]]>
Powered by Blogger.