Palakkad Kingdom | Kingdoms of Kerala

Palakkad Kingdom | Kingdoms of Kerala
പാലക്കാട് രാജവംശം
സംഘകാല കൃതികളിൽ പരാമർശിച്ചിട്ടുള്ള പൊറൈനാടാണ് പിന്നീട് പാലക്കാടായി മാറിയത്. പാറകൾ നിറഞ്ഞ നാട് എന്ന അർഥത്തിലായിരിക്കാം പൊറൈനാട് എന്ന പേരു വന്നത്. തേനാരിയായിരുന്നു പൊറൈനാടിന്റെ തലസ്ഥാനം. പൊറൈനാട് പിന്നീട് ചേരനാടിന്റെ ഭാഗമായി. കുലശേഖരന്മാരുടെ കാലത്ത് നെടുംപുറൈയൂർ സ്വരൂപം എന്നായിരുന്നു ഈ നാടിന്റെ പേര്. ഈ നാടിന്റെ ആസ്ഥാനം പാറയിൽ നിന്ന് പിന്നീട് തരൂരിലേക്ക് മാറ്റി.

കോവിലകം തരൂരിലേക്ക് മാറ്റിയതോടെ അത് തരൂർ സ്വരൂപം എന്ന പേരിൽ അറിഞ്ഞുതുടങ്ങി. സാമൂതിരിയുടെ തരൂർ അക്രമണകാലത്ത് തരൂർ കോട്ട ഇടിച്ചു നിരത്തുകയുണ്ടായി. പിന്നീട് തരൂർ സ്വരൂപം ചൊക്കനാഥപുരത്ത് കോട്ട കെട്ടി പാലക്കാട്ടേക്ക് താമസം മാറ്റി. പാലക്കാട്ട് സ്ഥിരതാമസമാക്കിയതിന് ശേഷമാണ് ഈ രാജവംശത്തെ പാലക്കാട്ട് രാജവംശമെന്ന് വിളിക്കാൻ തുടങ്ങിയത്. പ്രസിദ്ധമായ 'അരിയിട്ടുവാഴ്ച' പാലക്കാട് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങാണ്.

സാമൂതിരിയുടെ ആക്രമണത്തെ ചെറുക്കാൻ പാലക്കാട് രാജാവായ കോമി അച്ചൻ മൈസൂറിലെ ഹൈദരലിയെ പാലക്കാട്ടേക്ക് ക്ഷണിച്ചു. ഹൈദറിന്റെ പടനായകനായ മക്ദും അലി പാലക്കാട്ടെത്തി സാമൂതിരിയെ തോൽപ്പിച്ചോടിച്ചു. 1766ൽ പാലക്കാട്ട് രാജാക്കന്മാരെ വധിച്ച് ഹൈദരലി പാലക്കാട് സ്വന്തമാക്കി. 1783ൽ ഹൈദരലി പാലക്കാട്ട് പ്രസിദ്ധമായ കോട്ട നിർമിച്ചു. പിന്നീട് പാലക്കാട് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭാഗമായി.

No comments:

]]>
Powered by Blogger.