Kottayam Kingdom | Kingdoms of Kerala

Kottayam Kingdom | Kingdoms of Kerala
കോട്ടയം രാജവംശം
വടക്കേ മലബാറിലെ കൂത്തുപറമ്പിലായിരുന്നു കോട്ടയം രാജവംശത്തിന്‍റെ ആസ്ഥാനം. കൊങ്ങുനാട്ടിൽ പെട്ട കോട്ടയം, കുറുമ്പ്രനാട്, വയനാട്‌, ഗൂഡല്ലൂര്‍ ഉള്‍പ്പെട്ട പ്രദേശത്തെ പൂറൈക്കിഴാനാട് എന്നും നാടുവാഴിയെ പുരൈകിഴാര്‍ എന്നുമാണ്‌ വിളിച്ചിരുന്നത്‌. പുറൈക്കിഴാര്‍ വംശത്തിന് രണ്ടു ശാഖകളുണ്ടായിരുന്നു; മുതുകൂറും ഇളംകൂറും. ഇതിൽ മുതുകൂറാണ് കോട്ടയമായത്‌. ഭാസ്‌കര രവിവര്‍മ്മയുടെ തിരുനെല്ലി ശാസനത്തില്‍ പുറൈക്കിഴനാടിനെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഈ വംശത്തിന് തെക്കേശാഖ, കിഴക്കേശാഖ, പടിഞ്ഞാറേശാഖ എന്നിങ്ങനെ മൂന്ന്‌ ശാഖകളുണ്ട്‌. ആദ്യത്തെ രണ്ടു ശാഖ കോട്ടയത്തും മൂന്നാമത്തേത്‌ പഴശ്ശിയിലും താമസമാക്കി.

പുരളിമലയിൽ ഇവർക്ക് കോട്ടയുണ്ടായിരുന്നു. പുരളീശനെന്നും ഈ രാജാക്കന്മാരെ വിളിക്കാറുണ്ട്. ശ്രീപോർക്കലി ഭഗവതിയാണ് ഇവരുടെ കുലദേവത. അനശ്വരനായ രണ്ട് സാഹിത്യനായകന്മാരെ കോട്ടയം രാജകുടുംബം കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട്; വാല്‌മീകി രാമായണം കിളിപ്പാട്ടിന്റെ കർത്താവായ കേരളവർമ്മ തമ്പുരാനും ആട്ടക്കഥാകാരനായ വിദ്വാൻ തമ്പുരാനും. ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ അനശ്വര വിപ്ലവകാരിയായ പഴശ്ശി കേരളവർമ്മ തമ്പുരാൻ ഈ രാജവംശത്തിലെ പടിഞ്ഞാറെ ശാഖയിലെ അംഗമാണ്.

കോട്ടയം ശാഖയായ കുതിരവട്ടത്തില്ലത്തേക്ക് തൃപ്പൂണിത്തുറനിന്നും പരപ്പനാട്ടിൽ നിന്നും ദത്തെടുക്കുകയുണ്ടായിട്ടുണ്ട്. ഇതിൽ പരപ്പനാട്ടിൽനിന്നുള്ള ദത്തെടുത്ത ശാഖയിലാണ് പഴശ്ശി രാജാവിന്റെ ജനനം. ടിപ്പുവിനെ തുരത്താൻ 1780-82 ലും -1791-92 ലും ബ്രിട്ടീഷുകാരുമായി ചേർന്ന് യുദ്ധം ചെയ്തിട്ടുണ്ട് തമ്പുരാൻ. ബ്രിട്ടീഷുകാരും ടിപ്പുമായുള്ള ശ്രീരംഗപട്ടണം സന്ധിയനുസരിച്ച് മലബാർ പ്രദേശങ്ങളുടെ (വയനാട് ഒഴികെ) അധികാരം ബ്രിട്ടീഷുകാർക്ക് ലഭിച്ചപ്പോൾ അവർ നാട്ടുരാജാക്കന്മാരുമായി താത്ക്കാലിക കരാറുകളിലേർപ്പെട്ടു. കോട്ടയം, കുറുമ്പ്രനാട്, പരപ്പനാട് പ്രദേശങ്ങൾ 1793 മെയ് 18-ന് പഴശ്ശി തമ്പുരാന്റെ അമ്മാവന് നൽകി. ഈ അമ്മാവനും പഴശ്ശിതമ്പുരാനും തമ്മിൽ ശത്രുതയിലായിരുന്നു. ഈ നടപടിയെക്കുറിച്ചുള്ള തന്റെ ശക്തമായ എതിര്‍പ്പ്‌ ബ്രിട്ടീഷ് കമ്പനിയെ അറിയിച്ചെങ്കിലും അവർ അനുകൂലമായി പ്രതികരിച്ചില്ല.

നികുതി പിരിച്ച്‌ അടയ്ക്കാനുള്ള ചുമതല നാടുവാഴികളുടേതായിരുന്നു. ആണ്ടുതോറുമുള്ള നികുതിയാണ്‌ പിരിച്ചിരുന്നത്‌. കമ്പനി അതില്‍ മാറ്റം വരുത്തി. അഞ്ചു കൊല്ലത്തെ നികുതി പിരിച്ചടയ്ക്കാന്‍ അവര്‍ കല്‍പിച്ചു. കൃഷിക്കാര്‍ക്ക് നികുതി ഭാരം താങ്ങാനായില്ല. കോട്ടയത്തുനിന്ന്‌ നികുതി പിരിയ്ക്കാന്‍ കുറുമ്പ്രനാട് രാജാവിനെ തമ്പുരാന്‍ അനുവദിച്ചില്ല. കൃഷിക്കാരെ സംഘടിപ്പിച്ച്‌ അദ്ദേഹം നികുതി നിഷേധസമരം പ്രഖ്യാപിച്ചു. എല്ലാ കൃഷിക്കാരും തമ്പുരാനെ അനുസരിച്ചു. കൃഷിക്കാരെ പിന്തിരിപ്പിക്കാന്‍ കമ്പനി പല അടവുകളും പയറ്റി. ഒന്നും ഫലിച്ചില്ല. അവസാനം കമ്പനി മേലധികാരികൾ പഴശ്ശി തമ്പുരാനുമായി സന്ധിയ്‌ക്കെത്തി. ദീര്‍ഘമായ സംഭാഷണങ്ങള്‍ക്കുശേഷം ഒരു കരാറുണ്ടാക്കി. അതു പ്രകാരം കതിരൂര്‍, കുറ്റ്യാടി, പഴശ്ശി, താമരശ്ശേരി പ്രദേശങ്ങള്‍ തമ്പുരാന് ലഭിച്ചു. എന്നാൽ പിന്നീടു വന്ന ഉദ്യോഗസ്ഥര്‍ ആ കരാര്‍ ലംഘിച്ചു. 1795-ൽ തമ്പുരാൻ വീണ്ടും നികുതി പിരിവ്‌ തടഞ്ഞ്‌ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചു. 1796 എപ്രില്‍ 19ന്‌ ബ്രിട്ടീഷുകാർ പഴശ്ശിക്കോട്ട വളഞ്ഞു. തമ്പുരാനും സഹപ്രവര്‍ത്തകരും അതിന്‌ മുന്‍പേ രക്ഷപ്പെട്ടിരുന്നു. തമ്പുരാനെ നാട്ടുകാർ സഹായിക്കുന്നത്‌ കുറ്റകരമായി പ്രഖ്യാപിച്ചു. പിന്നീട് അദ്ദേഹത്തിന്റെ തലയ്ക്ക്‌ വിലകെട്ടി. തമ്പുരാന്‍ ഒളിവിലിരുന്ന് നാട്ടുകാരെ സംഘടിപ്പിച്ച്‌ ബ്രിട്ടീഷ്‌ വിരുദ്ധസമരം തുടർന്നു. ഗറില്ലയുദ്ധത്ത ബ്രിട്ടീഷ് സൈന്യത്തിന്‌ കനത്ത തിരിച്ചടിയേറ്റു. 1796-ൽ തമ്പുരാന്‍ കുറ്റ്യാടി ചുരം ഉപരോധിച്ചു. ഒടുവില്‍ അവര്‍ തമ്പുരാനുമായി സന്ധിക്ക് തയ്യാറായി. 1797 ജൂലൈ 23-ന് ഒരു കരാറുണ്ടാക്കി. അതിന്റെ അടിസ്ഥാനത്തിൽ തമ്പുരാന് പ്രതിവർഷം 8000 ക ലഭിച്ചു. അധികാരവും തിരിച്ചു കിട്ടി. പഴശ്ശിത്തമ്പുരാൻ കോട്ടയില്‍ തിരിച്ചെത്തി.

ഇതില്‍ പ്രതിഷേധിച്ച്‌ കുറുമ്പ്രനാട് രാജാവ് തമ്പുരാന്റെ വിശ്വസ്തനായ കൈതേരി അമ്പുനായരെ പിരിച്ചുവിട്ടു. ഇതിന്‌ പിന്നില്‍ കമ്പനിയുടെ കറുത്ത കൈകളുണ്ടായിരുന്നു. ഇതറിഞ്ഞപ്പോള്‍ കമ്പനിയുമായി വീണ്ടും ഇടഞ്ഞു. കൈതേരി അമ്പുവുമായുള്ള ഏറ്റുമുട്ടലില്‍ ബ്രിട്ടീഷ്‌ സേനാനി ബൗമന്‍ വധിക്കപ്പെട്ടു. കുറിച്യരുടെ ഒളിപ്പോരിന്‌ മുമ്പിൽ ബ്രിട്ടീഷ് സൈന്യം പകച്ചു പോയി. ബോംബയില്‍ നിന്നും ഗവർണർ ഡങ്കന്‍ സൈന്യവുമായെത്തി. പഴശ്ശിയെ നേരിടാനുള്ള എല്ലാ ശ്രമങ്ങളും ശക്തമാക്കി. പക്ഷേ, അതുകൊണ്ടും ഫലമുണ്ടായില്ല. 1799-ല്‍ തമ്പുരാന്‍ വയനാടിന്‌ മേല്‍ അവകാശമുന്നയിച്ചു. നികുതി നിഷേധവും ഒളിപ്പോരും തുടര്‍ന്നു. കൈതേരി അമ്പു, എടച്ചേനകുങ്കന്‍, തലയ്ക്കല്‍ ചന്തു എന്നിവരായിരുന്നു പഴശ്ശിയുടെ ഒളിയുദ്ധത്തിന്റെ സാരഥികള്‍. ചൊവ്വക്കാരന്‍ മൂസ്സ, ഉണ്ണിമുത്ത മൂപ്പൻ, മഞ്ചേരി അത്തന്‍ ഗുരുക്കള്‍ എന്നിവരും തമ്പുരാന്‍റെ അടുത്ത സഹായികളായിരുന്നു,

തമ്പുരാനെ ഒതുക്കാന്‍ എല്ലാ സൈനികനീക്കുങ്ങളും പരാജയപ്പെട്ടപ്പോള്‍ കമ്പനി മേലധികാരികള്‍ മുഴുവന്‍ ശക്തിയും അവിടെ കേന്ദ്രീകരിച്ചു. തമ്പുരാന്റെ ഒളിത്താവളം കണ്ടെത്താന്‍ ചാരന്മാരെ നിയോഗിച്ചിരുന്നു. അവരെല്ലാം കുറിച്യരുടെ അമ്പിന്‌ ഇരയായി. അവസാനം തലശ്ശേരി സബ് കളക്ടറായിരുന്ന ബാബർതന്നെ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഒറ്റുകാരായ മൂന്ന് പണിയരുടെ സഹായത്തോടെ തമ്പുരാന്റെ രഹസ്യതാവളം ബ്രിട്ടീഷ് സേന മനസ്സിലാക്കി. 1805 നവംബർ 30 ന് തമ്പുരാന്റെ രഹസ്യ സങ്കേതം വളഞ്ഞു. ഒറ്റുകാരെ തമ്പുരാന്റെ രക്ഷാഭടന്മാർ വധിച്ചുവെങ്കിലും തമ്പുരാന് രക്ഷപ്പെടുവാനുള്ള എല്ലാവഴികളും അടഞ്ഞുവെന്ന് വ്യക്തമായപ്പോൾ മോതിരത്തിലെ വൈരം വിഴുങ്ങി ആ വീരദേശാഭിമാനി രക്തസാക്ഷിയായി. മൃതദേഹം മാനന്തവാടിയിലേക്ക് കൊണ്ടു പോയി സംസ്‌ക്കരിച്ചു.

No comments:

]]>
Powered by Blogger.