Kochi Kingdom | Kingdoms of Kerala

Kochi Kingdom | Kingdoms of Kerala
കൊച്ചി രാജവംശം
കൊച്ചി രാജവംശം പെരുമ്പടപ്പു സ്വരൂപം എന്നും അറിയപ്പെടുന്നു. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന കുലശേഖരന്മാരുടെ കാലത്തിനുശേഷം പെരുമ്പടപ്പു സ്വരൂപം സ്വതന്ത്ര രാജവംശമായി. മഹോദയപുരത്തായിരുന്നു പെരുമ്പടപ്പു സ്വരൂപത്തിന്റെ ആദ്യകാല ആസ്ഥാനം. പിന്നീട് തൃപ്പൂണിത്തുറയിലേക്ക് ആസ്ഥാനം മാറ്റി സ്ഥാപിച്ചു. സാമൂതിരിമാരുടെ ആക്രമണമായിരുന്നു ഒരു പ്രധാന കാരണം. 1341ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നാശോന്മുഖമായി. പെരിയാർ ഗതിമാറി ഒഴുകാൻ തുടങ്ങിയതോടെ കൊച്ചിയിൽ പുതിയ തുറമുഖം രൂപംകൊണ്ടു.

1405ൽ കൊച്ചി രാജ്യത്തിന്റെ ആസ്ഥാനം തൃപ്പൂണിത്തുറയിലേക്ക് മാറ്റാൻ ഇതും ഒരു കാരണമായി. നമ്പൂതിരി രാജവംശമായ ഇടപ്പള്ളിയിലെ തമ്പുരാന്മാർക്ക് പെരുമ്പടപ്പു സ്വരൂപവുമായി ബന്ധമുണ്ടായിരുന്നു. അതുവഴി കൊച്ചിയും വൈപ്പിൻകരയും പെരുമ്പടപ്പു സ്വരൂപത്തിന്റെ അധികാരത്തിലെത്തി. പതിനഞ്ചാം നൂറ്റാണ്ടിൽ പെരുമ്പടപ്പു സ്വരൂപത്തിന് അഞ്ചു താവഴികളുണ്ടായി. ഈ അഞ്ചു താവഴികളിലും വച്ചു മൂത്തയാളെ പെരുമ്പടപ്പ് മൂപ്പിൽ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടാൻ തുടങ്ങി.

പോർച്ചുഗീസുകാരുടെ വരവോടെയാണ് കൊച്ചി രാജവംശത്തിന് കേരള ചരിത്രത്തിൽ നിർണായകമായ സ്ഥാനം ലഭിച്ചത്. അക്കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ഭരണാധികാരി കോഴിക്കോട്ടെ സാമൂതിരിയായിരുന്നു. കൊച്ചിയും സാമൂതിരിയുടെ സാമന്തപദവിയിലായിരുന്നു. അതിനാൽ കൊച്ചി രാജാക്കന്മാർക്ക് പൂർണമായ ഭരണ സ്വാതന്ത്ര്യമില്ലായിരുന്നു. ഭരണകാര്യത്തിൽ സാമൂതിരി കാര്യമായ ഇടപെടലും നടത്തിയിരുന്നു. സാമൂതിരിയുടെ ഇടപെടലുകളിൽ കൊച്ചി രാജാക്കന്മാർ നിരാശരും നിസ്സഹായരുമായിരുന്നു. സാമൂതിരിയുടെ മേൽക്കൊയ്‌മയിൽ നിന്ന് മോചനം ആഗ്രഹിച്ചു കഴിയുമ്പോഴാണ് 1500ൽ പോർച്ചുഗീസുകാർ കൊച്ചിയിലെത്തുന്നത്. പോർച്ചുഗീസുകാരും കൊച്ചി രാജാവും തമ്മിൽ വാണിജ്യക്കരാറുകളിൽ ഏർപ്പെട്ടു.

1503ൽ സാമൂതിരി കൊച്ചി ആക്രമിച്ചു. കൊച്ചിയെ രക്ഷിക്കാൻ പോർച്ചുഗീസുകാർ രംഗത്തിറങ്ങി. അവർ രാജാവിനെ രക്ഷപ്പെടുത്തി സാമൂതിരിയെ തിരിച്ചയച്ചു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരായിരുന്നു കൊച്ചിയുടെ ഭരണത്തെ പൂർണമായും നിയന്ത്രിച്ചിരുന്നത്. 1604ൽ ഡച്ചുകാരുടെ ആദ്യ കപ്പൽസമൂഹം കൊച്ചിയിലെത്തി. 1663ൽ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍നിന്ന്‌ പുറത്താക്കുകയും കൊച്ചി ഭരണം കൈയടക്കുകയും ചെയ്തു. കൊച്ചി രാജവംശത്തിന്റെ പിന്തുടർച്ചാ ക്രമം പോലും നിശ്ചയിച്ചിരുന്നത് ഡച്ചുകാരായി എന്ന സ്ഥിതിയായി.

1785ൽ കൊച്ചിയിലെ ഡച്ചുകാരുടെ കോട്ട ബ്രിട്ടീഷുകാർ കൈയടക്കി. അതോടെ കൊച്ചിയിലെ ഡച്ച് ആധിപത്യത്തിന് വിരാമമായി. 1791ൽ കൊച്ചി രാജാവ് ബ്രിട്ടീഷുകാരുമായി കരാറിൽ ഏർപ്പെട്ടു. 1795ൽ കൊച്ചിയുടെ ഭരണം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. 1790 മുതൽ 1805 വരെ കൊച്ചി ഭരിച്ചിരുന്ന രാമവർമ്മ ശക്തൻ തമ്പുരാന്റെ കാലത്ത് കൊച്ചി രാജ്യം സമഗ്രമായ പുരോഗതി കൈവരിച്ചു. ശക്തൻ തമ്പുരാനു ശേഷം ഒന്നരനൂറ്റാണ്ടിനുള്ളിൽ പതിനാറു രാജാക്കന്മാർ കൊച്ചിയുടെ ഭരണാധികാരികളായി.

കൊച്ചിയിലെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്ന പാലിയത്തച്ചൻ തിരുവിതംകൂറിലെ വേലുത്തമ്പി ദളവയുമായി ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തു നിന്നു. പക്ഷേ, ഒടുവിൽ ചെറുത്തുനിൽപ്പ് പരാജയപ്പെടുകയും ബ്രിട്ടീഷുകാർക്കു മുന്നിൽ കീഴടങ്ങേണ്ടി വരികയും ചെയ്‌തു. ബ്രിട്ടീഷുകാർ പാലിയത്തച്ചനെ മദിരാശിയിലേക്കു നാടുകടത്തി. തിരു - കൊച്ചി സംയോജന കാലത്തെ രാജാവായ പരീക്ഷിത്തു തമ്പുരാനാണ് കൊച്ചി ഭരിച്ച അവസാനത്തെ മഹാരാജാവ്. 1946ൽ കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ നിലവിൽ വന്നു.

No comments:

]]>
Powered by Blogger.