Arakkal Kingdom | Kingdoms of Kerala

Arakkal Kingdom | Kingdoms of Kerala
അറയ്ക്കൽ രാജവംശം
കേരളത്തിലെ ഏക മുസ്ലീം രാജവംശമാണ്‌ കണ്ണൂര്‍ ഭരിച്ചിരുന്ന അറയ്ക്കല്‍. ആദ്യം ഇവരുടെ ആസ്ഥാനം ധര്‍മടമായിരുന്നു. പിന്നീട്‌ കണ്ണൂരിലേക്ക്‌ മാറി. ഈ വംശത്തിലെ ഏറ്റവും പ്രായമായ അംഗം സ്ത്രീയായാലും പുരുഷനായാലും ഭരണമേല്‍ക്കുന്നുവെന്നത്‌ ഒരു പ്രത്യേകതയാണ്‌. ഭരണാധികാരി പുരുഷനാണെങ്കില്‍ സ്ഥാനപ്പേര്‍ ആലിരാജായെന്നാണ്‌, സ്ത്രീയാണെങ്കില്‍ അറയ്ക്കല്‍ ബീവിയെന്നും. ഇവര്‍ മരുമക്കത്തായം പിന്തുടരുന്നവരാണ്‌. മുഹമ്മദ്‌ ആലി, ഹസ്സന്‍ ആലി, ആലിമൂസ്സ, ആലികുഞ്ഞി മുസ്സ എന്നിവര്‍ ഈ രാജവംശത്തിലെ പ്രശസ്തരായ ഭരണാധികാരികളായിരുന്നു. അറയ്ക്കല്‍ രാജവംശത്തിന്റെ ഉദ്ഭവത്തെക്കുറിച്ച്‌, ചിറയ്ക്കല്‍ രാജവംശവുമായി ബന്ധപ്പെടുത്തി പല ഐതിഹ്യങ്ങളുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളൊന്നും ലഭിച്ചിട്ടില്ല.

ഈ കുടുംബത്തിലെ ഒരംഗമായിരുന്ന ആലിമുസ്സ ചിറയ്ക്കല്‍ രാജാവിന്റെ സൈസ്യാധിപനായിരുന്നുവെന്നതിന് തെളിവുകളുണ്ട്‌. കോലത്തിരിയുടെ സൈന്യാധിപനായിരുന്ന ആലിമൂസ്സയും കുടുംബവും താമസിച്ചിരുന്നത്‌ ധര്‍മ്മടത്തായിരുന്നു. കോലത്തിരിക്ക്‌ വേണ്ടി ലക്ഷദ്വീപ് സമൂഹങ്ങള്‍ ആക്രമിച്ചുകീഴടക്കിയത്‌ ഇദ്ദേഹമാണ്‌. പ്രതിവര്‍ഷം 18000 പണം തരണമെന്ന വ്യവസ്ഥയില്‍ കോലത്തിരി ഇതിന്റെ ഭരണച്ചുമതല ആലിയെ ഏല്പിച്ചു. ഇതിനുശേഷമാണ് താമസം കണ്ണൂർക്ക് മാറ്റിയത്. ഏറെക്കാലം ലക്ഷദ്വീപുകളുടെ ഭരണം അറയ്ക്കല്‍ രാജവംശത്തിനായിരുന്നു. ഇവര്‍ക്ക്‌ അതിശക്തമായ നാവികസേനയുണ്ടായിരുന്നു. അതുകൊണ്ട് “ആഴി രാജാവ്‌” എന്നത്‌ പിന്നീട്‌ ആലി രാജാവ്‌ എന്നായി മാറിയത്രേ. സുഗന്ധവ്യഞ്ജനങ്ങള്‍ സമൃദ്ധമായി ഉണ്ടായിരുന്ന പ്രദേശമായതിനാല്‍ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഇവരുമായി വ്യാപാര ഉടമ്പടികള്‍ ഉണ്ടാക്കിയിരുന്നു. 1766-ല്‍ ആലി രാജാവിന്റെ ക്ഷണമനുസരിച്ചാണ്‌ ഹൈദര്‍ അലി മലബാറിലെത്തിയത്‌. മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണകാലത്തും ഭരണകാലത്തും ആലി രാജവംശത്തിന്‌ പല സൗജന്യങ്ങളും ലഭിച്ചിരുന്നു. ടിപ്പു സുല്‍ത്താന്റെ ഒരു മകന്‍ ആലി രാജവംശത്തിലെ ഒരു രാജകുമാരിയെ വിവാഹം കഴിച്ചിരുന്നു.

വടക്കേ മലബാറിന്റെ ഭരണാധികാരം കുറച്ചുകാലത്തേക്ക്‌ മൈസൂര്‍ സുല്‍ത്താന്‍ ആലി രാജാവിനെ ഏല്‍പിച്ചിരുന്നു. ഈ അനുകൂല സാഹചര്യങ്ങളില്‍ അവരുടെ സമ്പത്തും രാഷ്ട്രീയസ്വാധീനവും വർദ്ധിച്ചു. ഡച്ചുകാരില്‍ നിന്ന്‌ 1772-ല്‍ കണ്ണൂര്‍ക്കോട്ട പിടിച്ചടക്കിയയോടെ ആലിരാജാവിന്‍റെ പ്രശസ്തിയും പ്രതാപവും വര്‍ദ്ധിച്ചു. അതുവരെ ചിറയ്ക്കല്‍ രാജാവിന്റെ ഒരു സാമന്തന്‍ എന്ന പദവിയെ ആലി രാജാവിനുണ്ടായിരുന്നുള്ളു. എന്നാല്‍ മലബാറിന്റെ ആധിപത്യം ബ്രിട്ടീഷുകാരുടെ കൈവശം വന്നതോടെ അതിനെല്ലാം അന്ത്യം കുറിച്ചു. കണ്ണൂര്‍ കോട്ടയും ലക്ഷദ്വീപ്‌, മിനിക്കോയ്‌, അമീന്‍ ദ്വീപ്‌ എന്നിവയും ബ്രിട്ടീഷുകാര്‍ക്ക്‌ വിട്ടുകൊടുക്കേണ്ടി വന്നു അറയ്ക്കല്‍ രാജവംശത്തിന്‌.

No comments:

]]>
Powered by Blogger.